കോട്ടയം : മുളന്തുരുത്തിയിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത 4 പേരിൽ 3 വൈദികർക്ക് ഇന്ന് റമ്പാൻ സ്ഥാനം നൽകും. പരുമല സെമിനാരിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ഷിബു വേണാട് മത്തായി, ഫാ.സാംജി റ്റി ജോർജ്, ഫാ.എൽദോസ് ഏലിയാസ് എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.
പരുമല സെമിനാരിയിൽ രാവിലെ 6.15ന് പ്രഭാത നമസ്ക്കാരം, 7ന് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ മധ്യേ നടക്കുന്ന റമ്പാൻ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. മേൽപ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാൻ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ നടക്കും.







